13 March, 2026 09:14:04 AM


തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി



തൃശൂര്‍: വെള്ളറടയില്‍ വയോധികയെ വീട്ടില്‍ കയറി കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകരാണ് നായയെ പിടികൂടിയത്. ഇന്നലെയായിരുന്നു കാര്‍ത്ത്യായനി എന്ന 84കാരിയെ നായ കടിച്ചുകൊന്നത്. കാര്‍ത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ ക്രൂരമായി ആക്രമിച്ചിരുന്നു. എന്നാല്‍ നായയെ പിടികൂടാന്‍ കഴിയാത്തത് ഇന്നലെ മുഴുവന്‍ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു കാര്‍ത്ത്യായനിയെയും മകനെയും നായ ആക്രമിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറിയ നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിരുന്നു. മകനേയും ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനും മരുന്ന് കഴിക്കുന്നതിനാല്‍ ക്ഷീണിച്ച് കിടക്കുകയായിരുന്നു. വൈകുന്നേരം 6.30ഓടെ കാര്‍ത്ത്യായനിയുടെ മറ്റൊരു മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ നായ വേറെ ആളുകളേയും വളര്‍ത്ത് നായക്കളേയും കടിച്ചിട്ടുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935