06 March, 2026 04:27:12 PM
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജി; മറുപടി നൽകാൻ വീണ്ടും സമയം ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് മറുപടി നൽകാനാണ് നേരത്തെ കോടതി നിർദേശിച്ചത്. എന്നാൽ മറുപടി നൽകാൻ വീണ്ടും സമയം വേണമെന്നാണ് രാഹുൽ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ രണ്ടാം തവണയാണ് രാഹുൽ സമയം നീട്ടിച്ചോദിക്കുന്നത്. കേസ് മാർച്ച് 10ന് വീണ്ടും പരിഗണിക്കും.
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.
സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് നേരത്തെ കോടതി കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം തന്നെ രണ്ട് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.







