25 February, 2026 07:19:15 PM
പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും- മന്ത്രി പി. രാജീവ്

കോട്ടയം: ആധുനിക കാലത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്( കെ.പി.പി.എൽ) വൈവിധ്യവത്കരണത്തിലേക്കും പ്രവർത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്ന് വ്യവസായ ,വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂർ കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കൽ, ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇച്ഛാശക്തിയുള്ള വികസന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിന്റേത്. ക്രിയാത്മക പദ്ധതികളിലൂടെ നാടിനെ മുന്നോട്ടു കൊണ്ടുപോയി ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള ഉൽപാദന പ്ലാൻറിന്റെ ആധുനികവത്കരണത്തിനാണ് 100 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നത്- മന്ത്രി കൂട്ടിച്ചേർത്തു.
പൊതുമേഖലയെ സംബഡിച്ച് വ്യക്തമായ ധാരണയും ഭാവനയും സർക്കാരിനുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ്, കെ.പി.പി. എൽ ചെയർമാനും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സാജിത യൂസഫ്, ജിജി സുരേഷ്, ജില്ലാ പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, വെള്ളൂർ ഗ്രാമപഞ്ചായത്തംഗം ടി.വി. ബേബി, കെ.പി.പി.എൽ. മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ നായർ, ബി.പി.ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ആർ രഘുനാഥ് എന്നിവർ പങ്കെടുത്തു.
741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോർപറഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉൽപാദനം വിപുലീകരിക്കുന്നത്. സ്‌പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പേപ്പർ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെ.പി.പി.എൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്. സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിൻറ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ഉയർന്നതോതിലുള്ള ആവശ്യകത പരിഗണിച്ച് ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.






