30 September, 2026 07:50:53 PM


ആറാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം



കടുത്തുരുത്തി: ഏറ്റുമാനൂർ – വൈക്കം റോഡിൽ ആറാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ബുധനാഴ്ച രാവിലെ 10:45-ഓടെയായിരുന്നു അപകടം. ഒരേ ദിശയിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് തൊട്ടുപിന്നിൽ ഗ്യാസ് കാലിക്കുറ്റികളുമായി എത്തിയ ലോറി കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയാണ് അപകടം.​

അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 7 യാത്രക്കാർക്കും, ഡ്രൈവർക്കും പരിക്കേറ്റു. ബസ് ഡ്രൈവറുടെ കാലിനാണ് പരിക്ക്. കാറിലുണ്ടായിരുന്ന ഒരു യാത്രികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗവും കാറിന്റെ പിൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ-വൈക്കം റോഡിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടുത്തുരുത്തി പോലീസ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. റോഡിന് നടുവിൽ തകരാറിലായി കിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940