18 November, 2026 07:49:56 PM


വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ മധുരം ജീവിതം പദ്ധതി; വൈക്കം വിജയലക്ഷ്മി ബ്രാൻഡ് അംബാസിഡർ



കോട്ടയം: ആത്മഹത്യക്കെതിരേയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 
വൈക്കം ബ്ലോക്ക് പഞ്ചായത്ത്  നടപ്പാക്കുന്ന 'മധുരം ജീവിതം'  പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി ഗായിക വൈക്കം വിജയലക്ഷ്മിയെ ഇന്നു(നവംബർ 19) പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിക്കും. ബ്രാൻഡ് അംബാസിഡറുടെ നയപ്രഖ്യാപനം വൈക്കം വിജയലക്ഷ്മി നിർവഹിക്കും. 

ആത്മഹത്യാ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനുമായി(കെ.ജി.എം.ഒ.എ.) സഹകരിച്ചാണ് ബ്‌ളോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. രണ്ടരലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 

ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ ബോധവത്ക്കരണ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. വീടുതോറുമുള്ള വിവരശേഖരണം,  സെമിനാറുകൾ, സംവാദങ്ങൾ, പൊതുയോഗങ്ങൾ, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. കുടുംബശ്രീ-ആശ - പാലിയേറ്റീവ് പ്രവർത്തകർ, ആരോഗ്യവകുപ്പ്, പോലീസ്, എക്‌സൈസ്, എൻഎസ്എസ് വോളണ്ടിയർമാർ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ-യുവജന സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തവും ഉറപ്പാക്കും.

  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും സെക്രട്ടറി കൺവീനറുമായുള്ള സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലും സമാനമായ സമിതികൾ രൂപീകരിക്കും. വാർഡുതലത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915