06 August, 2026 07:26:19 PM
ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കും- മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജലവിഭവ- ഭവനനിർമാണ വകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. ആയാംകുടി ഗവൺമെൻറ് എൽ.പി. സ്‌കൂളിലെയും എഴുമാംതുരുത്ത് ഗവൺമെൻറ് യു.പി. സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം ഇറങ്ങിയ ശേഷം രോഗങ്ങൾ പടരാതിരിക്കാനും മാലിന്യം നീക്കുന്നതിനും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം സുഗമമായാണ് പോകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.
വരും കാലങ്ങളിൽ സമാന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മുട്ടുചിറയിൽനിന്ന് എഴുമാംതുരുത്തുവഴിയുള്ള റോഡിൻറെ പുനർനിർമാണം ഓഗസ്റ്റ് 10ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ആയാംകുടിയിലെ സ്‌കൂളിലാണ് മന്ത്രി ആദ്യം എത്തിയത്. 30 സ്ത്രീകളും നാലു കുട്ടികളുമടക്കം 62 പേരാണ് ഇവിടെ ക്യാമ്പിൽ കഴിയുന്നത്. ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി തുടർന്ന് എഴുമാംതുരുത്ത് സ്‌കൂളിലെത്തി. ഇവിടെ 69 കുടുംബങ്ങളിൽ നിന്നുള്ള 172 പേരാണുള്ളത്. ജലനിരപ്പ് താഴുന്നതോടെ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം ആൻ മരിയ ജോർജ്, വൈക്കം തഹസീൽദാർ എസ്.കെ. ശ്രീകുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോയി ജോസ്, വൈസ് പ്രസിഡൻറ് ദീപ ഇന്ദുചൂഡൻ, ഗാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി പ്രാലടി, നോബി മുണ്ടയ്ക്കൽ, അംഗങ്ങളായ പി.ഡി. ബാബു, ഗീതു, മിന്നു സാവിയോ, ഷീജ പ്രസാദ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വികസനസമിതി ഭാരവാഹികളായ കെ.എസ്. ശ്രീനിവാസൻ, വി.എസ്. അനിൽപ്രസാദ്, പി.ജി. തങ്കച്ചൻ. പി.ടി. സുധീഷ്,ജയരാമൻ പഠിക്കമഠം, ജോൺസൺ മാത്തങ്കരി, ബിനോയി ദേവസ്യ,കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, തുടങ്ങിയവർ പങ്കെടുത്തു.






