23 February, 2026 09:16:48 AM
ഭാര്യ ജയിലിലായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: ഭാര്യ ജയിലിലായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖ് ആണ് മരിച്ചത്. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണ്ണക്കൊലുസ് മോഷണം പോയ കേസിൽ സബീനയെ സ്വകാര്യ ബസിൽ നിന്ന് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മാതാവ് പരാതി നൽകിയതോടെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് സബീനയെന്നാണ് വിവരം.
അഞ്ചൽ ആർ ഒ ജംഗ്ഷനിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീന്റെ കാലിൽ കിടന്ന മുക്കാൽ പവന്റെ സ്വർണ്ണക്കൊലുസ്സാണ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും അവർ ഉടൻ തന്നെ അഞ്ചൽ പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം ബസ്സിലുണ്ടായിരുന്ന സബീനയെ കണ്ടതോടെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.







