14 February, 2026 07:52:55 PM


ആലിൻ ഷെറിന് ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ



തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ആലിൻ ഷെറിൻ്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ അര്‍ധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൂര്‍ത്തിയായിരുന്നു.

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂര്‍ത്തിയായത്.

അതേസമയം ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.

അഞ്ച് പേര്‍ക്ക് ജീവന്‍ പകര്‍ന്ന് നല്‍കിയാണ് കുഞ്ഞ് ആലിൻ ഷെറിൻ്റെ മടക്കം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിൻ ഷെറിൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആലിൻ ഷെറിന് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K