13 February, 2026 06:48:44 PM


വൈക്കത്തിന് മൂന്ന് സോളാർ ബോട്ടുകൾകൂടി



കോട്ടയം: രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്.

ഫെബ്രുവരി 20ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സോളാർ ബോട്ടുകൾ ഉദ്ഘാടനം ചെയ്യുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു. പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ നിർമാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനായിരിക്കും ഇത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനായിരിക്കും ഇതെന്ന് എം.എൽ.എ പറഞ്ഞു.


2017 മുതൽ സർവീസ് നടത്തുന്ന 'ആദിത്യ'യാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. പുതിയ ബോട്ടുകൾ വരുന്നതോടെ നിലവിലുള്ള ഡീസൽ ബോട്ടുകൾ പിൻവലിക്കും.

ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഡീസൽ ബോട്ടുകളേക്കാൾ അഞ്ചുമിനിറ്റ് സമയലാഭം. 75 പേർക്ക് യാത്ര ചെയ്യാം.

സോളാർ ബോട്ടുകൾ ഉപയോഗിക്കുമ്പോൾ ജലാശയങ്ങളിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകും. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാം. ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുകയും ശബ്ദവുമില്ലാത്ത യാത്രാനുഭവമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവന നൽകുന്നതായിരിക്കും പദ്ധതി.

സോളാർ ബോട്ടുകൾക്കു മുകളിലുള്ള 20 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾക്ക് പുറമേ, സ്റ്റേഷനിൽ ഷോർ ചാർജിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി. നായർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920