11 February, 2026 04:39:40 PM


കണ്ണൂരിൽ തെയ്യത്തിന് നേരെ കുരച്ചുചാടി തെരുവു നായ്ക്കൾ; ചിലമ്പ് കുലുക്കിയതോടെ തിരിഞ്ഞോടി



കണ്ണൂർ: നടുവിൽ ബാലവാടിക്ക് സമീപം ആചാരപരമായ യാത്രയ്ക്കിടെ തെയ്യത്തിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണശ്രമം. പുലർച്ചെ 'പെരുവാറ്റ് പാച്ചിൽ' ചടങ്ങിനായി തനിച്ച് പോവുകയായിരുന്ന തെയ്യത്തിന് നേരെയാണ് നായ്ക്കൾ ചീറിയടുത്തത്. എന്നാൽ തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കുലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു.

നടുവിൽ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യമാണ് തെരുവുനായ്ക്കളുടെ മുന്നിൽപ്പെട്ടത്. ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന 'പെരുവാറ്റ് പാച്ചിൽ' എന്ന ചടങ്ങിനിടെയായിരുന്നു സംഭവം. അകമ്പടികളോ വാദ്യക്കാരോ ഇല്ലാതെ തെയ്യം ഒറ്റയ്ക്ക് ഓടിത്തീർക്കേണ്ട ഈ ചടങ്ങ് പുലർച്ചെയാണ് നടക്കുന്നത്. ഇടറോഡിലെ വിജനമായ ഭാഗത്തുവെച്ചാണ് മൂന്ന് നായ്ക്കൾ തെയ്യത്തിന് നേരെ കുരച്ചുചാടിയത്.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ എ.പി. കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ മകനായ 19-കാരൻ ആദിത്യനാഥാണ് ഇത്തവണ ചാമുണ്ഡി കോലമണിഞ്ഞത്. നായ്ക്കൾ ആക്രമിക്കാൻ അടുത്തതോടെ തെയ്യം ഉറഞ്ഞുതുള്ളുകയും ഉച്ചത്തിൽ അട്ടഹസിച്ച് ചിലമ്പ് കിലുക്കുകയും ചെയ്തു. ഇതോടെ ഭയപ്പെട്ട നായ്ക്കൾ പിന്തിരിഞ്ഞോടുകയായിരുന്നു. തെയ്യക്കോലത്തിന്റെ മനക്കരുത്തും ആചാരപരമായ ശബ്ദങ്ങളുമാണ് രക്ഷയായത്. വിജനമായ നാട്ടുവഴികളിലൂടെ പുലർച്ചെ തനിച്ച് സഞ്ചരിക്കേണ്ടി വരുന്ന തെയ്യക്കോലങ്ങൾക്കും മറ്റ് വിശ്വാസികൾക്കും തെരുവുനായ്ക്കളുടെ ശല്യം വലിയ ഭീഷണിയാകുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937