02 February, 2026 02:54:14 PM
ആലപ്പി രംഗനാഥിന് സ്മാരകം: 25 ലക്ഷം രൂപ അനുവദിച്ചു- മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്‍റെ സ്മരണാര്‍ത്ഥം സാംസ്കാരിക നിലയം സ്ഥാപിക്കുന്നക്കിന് 25 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. നീണ്ടൂര്‍ പബ്ലിക്ക് ലൈബ്രറിയിലാണ് സ്മാരകം ഉയരുക. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ മലയാളത്തിലും, തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. സംഗീത സംവിധാനവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്ന ഹരിവരാസന പുരസ്കാരം, മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹം നൃത്തനാടക രചയിതാവ് എന്ന നിലയിലും സ്വന്തം ഇടം രേഖപ്പെടുത്തിയ പ്രതിഭയാണ്. കാലങ്ങളോളം അദേഹം ജീവിച്ച നീണ്ടൂരിലാണ് സ്മാരകം ഒരുങ്ങുന്നത്. ഉത്കൃഷ്ടരായ സാഹിത്യകാരന്‍മാരുടെയും, കലാകാരന്‍മാരുടെയും സ്മാരകങ്ങള്‍ക്കുള്ള ധനസഹായം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആലപ്പി രംഗനാഥ് സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പത്രകുറിപ്പില്‍ അറിയിച്ചു.







