06 March, 2026 10:44:45 AM


വൈക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി സണ്ണി എം കപിക്കാടിനെ വേണ്ടെന്ന് കോൺ​ഗ്രസ്



വൈക്കം: വൈക്കത്ത് സണ്ണി എം.കപിക്കാടിനെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ് അറിയിച്ച് യുഡിഎഫ് പ്രാദേശിക നേതൃത്വം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വൈക്കം നിയോജകമണ്ഡലത്തില്‍പ്പെട്ട വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികള്‍ പ്രമേയം പാസാക്കി. സണ്ണി എം.കപിക്കാട് മഹാത്മഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ കയറ്റണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് യുഡിഎഫിൻ്റെ നയത്തിന് എതിരാണെന്ന് പ്രമേയത്തില്‍ പറയുന്നു.

sunny m kapikkad
സണ്ണി എം. കപിക്കാടിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സൈബര്‍ ഇടങ്ങളില്‍ എതിര്‍പാര്‍ട്ടിക്കാര്‍ വിമര്‍ശനങ്ങളെ ആയുധമാക്കും. ഗാന്ധിയൻ ദർശനങ്ങളെ ആദരിക്കുകയും പിന്തുടരുകയും എല്ലാ ജാതി മതസമൂഹങ്ങളോടും സഹിഷ്‌ണുതയും ഐക്യവും നിലനിർത്തുന്ന ആളായിരിക്കണം സ്ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ വിശ്വാസവും അംഗീകാരവും നേടിയ ആളാകണം. ഇദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന ആളാണ് എന്നും ബ്ലോക്ക് കമ്മിറ്റികള്‍ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

കെ. ബിനിമോന്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.കെ. കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥികളായി പരിഗണിക്കാൻ പ്രാദേശിക നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941