29 October, 2016 01:16:28 PM
സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
ദില്ലി : സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി തയ്യാറായി. രാജ്യത്തെ ആദ്യ 60 സ്മാര്‍ട് സിറ്റികളില്‍ 1.35 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൊച്ചി ഉള്‍പ്പെടെയുള്ള 20 നഗരങ്ങളില്‍ പദ്ധതി നിര്‍വഹണം ഉടന്‍ തുടങ്ങും. കേന്ദ്രത്തില്‍ നിന്നു പ്രതിവര്‍ഷം 100 കോടി രൂപ വീതം അഞ്ചു വര്‍ഷം കൊണ്ട് 500 കോടി രൂപയാണ് ഓരോ നഗരത്തിനും ലഭിക്കുക. കേരളത്തില്‍ നിന്നു തിരുവനന്തപുരവും പട്ടികയിലുണ്ട്.
കേന്ദ്രം നല്‍കുന്നതിനു തുല്യ തുക സംസ്ഥാനങ്ങളും നല്‍കണം. നഗരത്തെ 'സ്മാര്‍ട്ടാ'ക്കാന്‍ ജനപങ്കാളിത്തത്തോടെ രൂപം നല്‍കുന്ന വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു ബാക്കി തുക കണ്ടെത്തേണ്ടതു നഗരങ്ങള്‍ തന്നെ.
മികച്ച ഗതാഗത സംവിധാനവും ജലവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള, ലോകനിലവാരമുള്ള നഗരങ്ങളാണു ലക്ഷ്യം. ആദ്യ പട്ടികയിലെ 20 നഗരങ്ങള്‍ ചേര്‍ന്നു നടപ്പാക്കുക 50,000 കോടിയിലേറെ രൂപയുടെ പദ്ധതികളാണ്.
രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുത്ത 40 നഗരങ്ങള്‍ 85,000 കോടിയും നിക്ഷേപിക്കും. സ്മാര്‍ട് സിറ്റിയില്‍ വിവിധ ഏജന്‍സികള്‍ക്കു കീഴിലെ പദ്ധതികള്‍ ഒരു കുടക്കീഴിലാകും. ഗതാഗതം, ജലസേചനം, കുടിവെള്ളം, ശുചീകരണം തുടങ്ങിയവ ഒറ്റ നിര്‍വഹണ സംവിധാനത്തിനു കീഴിലാകുന്നതോടെ ആസൂത്രണം അനായാസമാകും. മാലിന്യത്തില്‍ നിന്ന് ഊര്‍ജവും വളവും ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികളും സൗരോര്‍ജ പദ്ധതികളും എല്ലാ നഗരങ്ങളിലുമുണ്ടാവും. അതേസമയം, പദ്ധതിക്കു പണം കണ്ടെത്തുക നഗരങ്ങള്‍ക്കു വെല്ലുവിളിയാണ്. ആഭ്യന്തര, രാജ്യാന്തര വായ്പകള്‍ വേണ്ടി വരും.