23 October, 2016 05:53:05 PM
പാക് സൈബര്‍ ആക്രമണം; ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: രാജ്യത്തെ ധനകാര്യമേഖല ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സൈബര്‍ പോരാളികള്‍ തയ്യാറെടുക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എടിഎം തട്ടിപ്പുകളും, അക്കൗണ്ട് ഹാക്കിംഗും തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് നടപടി.
ഐടി മന്ത്രാലയത്തിന് കീഴിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇന്ത്യയാണ് ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സൈബര്‍ കുറ്റവാളികള്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ്വ് ബാങ്കുമായി സഹകരിച്ച് സിഇആര്‍ടി ഇതിനോടകം മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എടിഎം വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ വിവിധ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സൈബര്‍ സുരക്ഷ സംബന്ധിച്ച നിലവിലെ നയം പൊളിച്ചെഴുതാന്‍ ബാങ്കുകള്‍ക്ക് നേരത്തെ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കൂടുതല്‍ വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം കേരളത്തിലുള്‍പ്പെടെ നിരവധി കേസുകള്‍ എടിഎം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പല ബാങ്കുകളും എടിഎം ഉപയോഗത്തില്‍ നിയന്ത്രണവും വരുത്തിക്കഴിഞ്ഞു.