06 August, 2025 05:08:12 PM


വൈക്കം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു



കോട്ടയം: വൈക്കത്തിന്റെ  ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തേകി വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 55.83 കോടി രൂപ ചെലവിലാണ് നിർമാണം. 11504.32 ചതുരശ്ര മീറ്ററിൽ സംസ്ഥാന ഹൗസിങ് ബോർഡാണ് നാലു നിലകളിലായി കെട്ടിടം നിർമിക്കുന്നത്.  നിലവിൽ അവസാനഘട്ട നിർമാണ പ്രവൃത്തികളായ ഇലക്ട്രിക്കൽ ജോലികൾ, പ്ലംബിങ്, ടൈൽ പാകൽ എന്നിവയാണ് നടക്കുന്നത്.

  ഒ.പി, അത്യാഹിതവിഭാഗം, ഫാർമസി, വിശ്രമിക്കാനുള്ള സ്ഥലം,റിസപ്ഷൻ എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും. രണ്ടാം നിലയിൽ സ്‌പെഷ്യൽ ഒ.പികൾ നേത്രരോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്‌രോഗ വിഭാഗം, യൂറോളജി, ഇ.എൻ.ടി, കാർഡിയോളജി, പാലിയേറ്റീവ് കെയർ, പി.എം.ആർ.  എന്നീ വിഭാഗങ്ങളും പ്രവർത്തിക്കും.
  മൂന്നാംനില പൂർണമായും വാർഡുകൾക്കും മുറികൾക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. 285 ബെഡുകളും 16 പേ വാർഡുമുറികളുമാണുള്ളത്. ഇവിടെ ശൗചാലയ സൗകര്യവും ഉണ്ട്. നാലാം നിലയിൽ രണ്ട് ഓപ്പറേഷൻ തീയറ്ററും ഒരു മൈനർ ഓപ്പറേഷൻ തീയറ്ററും സർജിക്കൽ ഐ.സി.യുവും പ്രവർത്തിക്കും. രണ്ടും മൂന്നും നാലും നിലകൾ 2346 മീറ്ററിലാണ് നിർമാണം.
എക്‌സ് റേ, അൾട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടാവും. കൂടാതെ നാല് ലിഫ്റ്റുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം, സീവേജ്  ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെക്യൂരിറ്റി ക്യാബിൻ, ആംബുലൻസ് ഷെഡ്, ഇലക്ട്രിക്കൽ മുറി എന്നിവയും ഇതിനോടനുബന്ധിച്ച് ഉണ്ടാവും. ടെറസ്സിൽ സോളാർ പാനലുകളും സജ്ജമാക്കും.
നിലവിൽ വൈക്കം താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് വനിതാ-ശിശു സംരക്ഷണ ആശുപത്രി കെട്ടിടത്തിലാണ്.
 ദിവസേന ആയിരത്തിനടുത്ത് രോഗികൾ ഒ.പിയിലെത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയിൽ 35 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പുതിയ കെട്ടിടവും സൗകര്യങ്ങളുംകൂടി വരുന്നതോടെ വൈക്കത്തിന്റെ ആരോഗ്യമേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും ആറുമാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സി.കെ. ആശ എം.എൽ.എ. പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K