10 July, 2025 06:58:46 PM
തലയാഴത്ത് കുടുംബാരോഗ്യകേന്ദ്ര നിർമാണം പൂർത്തിയായി

കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. എൻ.ആർ.എച്ച്.എം. ഫണ്ടിൽനിന്നുള്ള 1.26 കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തീകരിച്ചത്. രണ്ട് ഒ.പി, ഒരു സ്പെഷ്യാലിറ്റി ഒ.പി, പരിശോധനാമുറി, നിരീക്ഷണമുറി, ഫാർമസി, ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ മൂന്നുഡോക്ടർമാരുടെ സേവനം ലഭിക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ ചികിത്സയും ഉണ്ടാകും. ഒപ്പം ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവരുടെ എണ്ണത്തിലും വർധന ഉണ്ടാകും. നിലവിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസവും രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിശോധനാസമയം. രണ്ട് ഡോക്ടർമാരാണ് ഇവിടെയുള്ളത്.