13 June, 2025 08:12:54 AM
ഫിഷ് ഫാം ഉടമയു ടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം
വൈക്കം: ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം. എന്നാൽ ഭാര്യയും ബന്ധുക്കളും ഇത് കൊലപാതകമാണന്ന വിശ്വാസത്തിലാണ്. മൃതദേഹത്തിന്റെ കഴുത്തിലും കാലിലുമായി 10 ഇഷ്ടികകൾ കെട്ടിയിരുന്നതു സംശയമുണ്ടാ ക്കിയിരുന്നു.
ശരീരത്തിനുള്ളിൽ നിന്നു ചെളിയും ആറ്റിലെ വെള്ളവും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
ഈ ചെളിയും വെള്ളവും ഇതേ സ്ഥലത്തേതാണോ എന്നു പരിശോധിക്കാനായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ശരീരത്തിൽ ബലപ്രയോഗത്തി ന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇഷ്‌ടികകൾ കെട്ടിയ കയർ കഴുത്തിൽ 2 പ്രാവശ്യം ചുറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഷെഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളിൽ കയർ മുറുക്കിയ ശേഷം ആറിൻ്റെ തീരത്തെത്തി അവ ശരീരത്തിൽകെട്ടി ചാടിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. ഇഷ്ടികയെടുത്ത് എഴുന്നേൽക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞതാകാമെന്നും നിലത്ത് കടല വീണത് ബഞ്ചിൽ നിന്നാകാമെന്നും പോലീസ് കരുതുന്നു.
സാധാരണ ഉപയോഗിക്കാത്ത വഴിയിലൂടെ പൊലീസ് നായ പോയിട്ടുപോലും കാര്യമായ അന്വേഷണം നടന്നില്ലന്നും ആത്മഹത്യ ചെയ്യാനാണെങ്കിൽ രാസവസ്തുക്കൾ അടക്കമുള്ള ഒട്ടേറെ വേറെ കാര്യങ്ങൾ ഫാമിലുണ്ടായിരുന്നു എന്നും അവർ പറയുന്നു. ഇത്രയും ഭാരമുള്ള ഇഷ്ടികകൾ ചുമന്ന് ഒരാൾക്ക് എങ്ങനെയാണ് ആറ്റിലേക്ക് ചാടാനാകുന്നതെന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.