07 April, 2025 05:45:50 PM


തലയോലപറമ്പിൽ വയോധികര്‍ തനിച്ച് താമസിക്കുന്ന വീട്ടിൽ മോഷണം; 1.5 ലക്ഷം രൂപ കവർന്നു



തലയോലപ്പറമ്പ്: കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്.

ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്. മുറിക്കുള്ളിലെ മേശവലിപ്പിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. വീടിനുള്ളിൽ നിന്നും രേഖകളും ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു. 

വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ടേഡ് നഴ്സിംസിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലയോലപ്പറമ്പ് എസ് ഐ കെ.ജി. ജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951