22 March, 2025 07:42:18 PM
വെച്ചൂരിൽ അംബേദ്കർ സാംസ്‌കാരിക നിലയം ഒരുങ്ങുന്നു

കോട്ടയം: വൈക്കം വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയാകുന്നു. ജില്ലാ പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ഒന്നാം വാർഡിലെ അംബേദ്കർ നഗറിനോട് ചേർന്ന് രണ്ടരസെന്റ് സ്ഥലത്താണ് സാംസ്‌കാരിക നിലയം. ലൈബ്രറി, ഇൻഡോർ ഗെയിമുകൾ ,സാംസ്‌കാരിക കൂട്ടായ്മ എന്നിവ നടത്തുന്ന തരത്തിലാണ് നിലയം പണികഴിപ്പിച്ചിട്ടുള്ളത്. വെള്ളം, വൈദ്യുതി, ശൗചാലയ സൗകര്യവും ഉണ്ട്. പെയിന്റിങ് ജോലികൾ ഒഴികെ മറ്റെല്ലാ നിർമാണ പ്രവർത്തികളും പൂർത്തീകരിച്ചു. സാംസ്‌കാരികനിലയം ഏപ്രിലിൽ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും തലയാഴം ഡിവിഷൻ അംഗവുമായ ഹൈമി ബോബിയുടെ ആവശ്യപ്രകാരമാണ് സാംസ്‌കാരിക നിലയം വെച്ചൂരിൽ പണികഴിപ്പിച്ചത്.