10 March, 2025 09:27:34 AM


പോളണ്ടില്‍ വൈക്കം സ്വദേശിയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം: വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വടക്കേവീട്ടില്‍ പരേതയായ ഷെമി-ഇക്ബാല്‍ ദമ്പതികളുടെ മകന്‍ യാസീന്‍ ഇക്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലാത്വവ്യയില്‍ ഉന്നത പഠനത്തിന് ശേഷം പോളണ്ടില്‍ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. ലാത്വവ്യയിലുള്ള സുഹൃത്തിന്റെ അരികില്‍ നിന്ന് കഴിഞ്ഞ ഡിസംബര്‍ 24 ന് ട്രെയിന്‍ മാര്‍ഗം റാസിബ്രോസില്‍ എത്തിയതായി യാസീന്‍ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ കാണാതായത്.

കഴിഞ്ഞ ദിവസം പുഴയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയിലൂടെ യാസിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. യുകെയിലുള്ള യാസിന്റെ സഹോദരന്‍ പോളണ്ടില്‍ എത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K