26 February, 2025 12:50:59 PM
കഞ്ചാവ് കച്ചവടം: പാലായിൽ രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

പാലാ: കഞ്ചാവ് കച്ചവടം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികൾ പാലായിൽ അറസ്റ്റിലായി. കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ, സഞ്ജയ് ബാരിക് എന്നിവരെയാണ് പാലാ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഉത്സവാഘോഷം നടക്കുന്ന മുത്തോലിയിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച 300 ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.
ദുലാൽ താമസിക്കുന്ന മുറിക്ക് സമീപത്തുനിന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു പരിശോധനയിൽ മുത്തോലി കൊടുങ്ങൂർ റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്തു നിന്നുമാണ് 100 ഗ്രാം കഞ്ചാവുമായി സഞ്ജയ് ബാരിക് പിടിയിലായത്.
ഇരുവരും കഞ്ചാവ് വിതരണ സംഘത്തിലെ കണ്ണികളാണ്. മുത്തോലി, കെഴുവംകുളം, ചേർപ്പുങ്കൽ, മുത്തോലി ബുള്ളറ്റ് ഷോറൂം ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കഞ്ചാവ് വില്പനയും, പരസ്യ മദ്യപാനവും നടക്കുന്നതായി അറിവ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ ജയദേവൻ, ഹരികൃഷ്ണൻ, അക്ഷയ് കുമാർ, ഡ്രൈവർ സുരേഷ് ബാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.