18 January, 2025 05:57:32 PM


മൂന്നര വർഷത്തിനുള്ളിൽ 100 പാലം പൂർത്തീകരിച്ചു- മന്ത്രി പി.എ. മുഹമ്മദ് റിയാസ്



കോട്ടയം: അഞ്ചു വർഷം കൊണ്ട് 100 പാലം നിർമിക്കുകയെന്നതായിരുന്നു ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത തീരുമാനമെന്നും അതു മൂന്നര വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കിയതായും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം-വെച്ചൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവിൽ നിർമിച്ച കുടവെച്ചൂർ അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് പൂർത്തിയാക്കിയ അഞ്ചുമന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. വൈക്കം-വെച്ചൂർ റോഡിന്റെ വികസനം പൂർണമായ രീതിയിൽ യാഥാർഥ്യമാവുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. പാലങ്ങളുടെ നിർമാണത്തിൽ കിഫ്ബിയുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. അഞ്ചുമന പാലത്തിനു സമീപം നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വൈക്കം-വെച്ചൂർ റോഡിന്റെ സ്ഥലമെടുപ്പ് നടപടി അവസാന ഘട്ടത്തിലാണെന്ന് എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി.  

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ്കുമാർ, കെ.കെ. രഞ്ജിത്ത്, കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, വൈക്കം കരിനില വികസന ഏജൻസി വൈസ് ചെയർമാൻ ഇ.എൻ. ദാസപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു രാജു, ആൻസി തങ്കച്ചൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ചന്ദ്രബാബു, ചെയർമാൻ എൻ. സുരേഷ്‌കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. ശശിധരൻ,കെ.വി. ജയ്മോൻ, എം.എം. സോമനാഥൻ, വി.കെ. സതീശൻ, കെ.എം. വിനോഭായി, വി.ടി. സണ്ണി പോട്ടയിൽ, അനീഷ് തേവരപടിക്കൽ, പി.എൻ. ശിവൻകുട്ടി, യു. ബാബു, സി.ഡി.എസ്. ചെയർപേഴ്സൺ മിനി സരസൻ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944