12 December, 2024 11:50:30 AM


തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു; ഉദ്ഘാടനം നിർവഹിച്ച് സ്റ്റാലിനും പിണറായിയും



വൈക്കം: വൈക്കത്ത്‌ നവീകരിച്ച തന്തൈപെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു.  വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. തമിഴ്‌നാട്, കേരള സർക്കാരുകൾ ചേർന്ന്‌ വൈക്കം ബീച്ച്‌ മൈതാനത്തെത്താണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കാ​യ​ലോ​ര ബീ​ച്ചി​ൽ 5000ത്തോളം പേർക്കിരിക്കാവുന്ന പന്തലാണ് നിർമിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ നേതൃത്വത്തിലുള്ള വൈക്കം സത്യഗ്രഹ ശതാബ്ദി വാർഷികാചരണത്തിന്റെ ഔദ്യോഗിക സമാപനവുംകൂടിയാണിത്‌.

പെരിയാർ സ്‌മാരകം

വൈക്കം സത്യഗ്രഹത്തിൽ തന്തൈപെരിയാർ എന്ന ഇ വി രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെയും ഓർമകളുണർത്തുന്ന സ്‌മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ്‌ തമിഴ്‌നാട്‌ സർക്കാർ നവീകരിച്ചത്‌. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്‌. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ പെരിയാർ പ്രതിമ തമിഴ്‌നാട്‌ സ്ഥാപിച്ചത്‌. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്‌ പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K