08 December, 2024 11:32:13 PM


പതിനാറാം ധനകാര്യ കമ്മീഷൻ സന്ദർശനത്തിനായി കേരളത്തിൽ : നാളെ കോട്ടയത്ത്


 

കൊച്ചി: പതിനാറാം ധനകമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനു മുന്നോടിയായി  സംസ്ഥാന സന്ദർശനത്തിനെത്തിയ കമ്മിഷൻ ചെയർമാനും സംഘാംഗങ്ങൾക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ സ്വീകരണം. 

ധനകാര്യ കമ്മീഷന് സമർപ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ ധനകാര്യ കമ്മീഷനാണ്  മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. കേരളത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
അർഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു

ഏറെ പ്രതീക്ഷയോടെയാണ് ധനകാര്യ കമ്മീഷന്‍റെ സന്ദര്‍ശനത്തെ കേരളം നോക്കിക്കാണുന്നത്. നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെയായിരിക്കും കേരളം അവതരിപ്പിക്കുക. അര്‍ഹമായ ഗ്രാന്‍റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും സംസ്ഥാനം ധനകാര്യകമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

കുമരകത്തേക്ക്‌ പോയ സംഘം തിങ്കളാഴ്ച രാവിലെ തിരുവാർപ്പ്‌ പ്രദേശങ്ങൾ സന്ദർശിക്കും. വൈകിട്ട്‌ കോവളത്ത്‌ എത്തും. ചൊവ്വാഴ്ച്ച രാവിലെ 9.30ന്‌ കോവളം ലീലാ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിക്കും. തുടർന്ന്‌ മന്ത്രിമാരുമായി ചർച്ച നടത്തും.
ഇതിനു ശേഷം പഞ്ചായത്ത് നഗരസഭാ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരുമായും വ്യാപാര വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308