04 December, 2024 08:48:02 PM


പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം



കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിലിൽ ഏർപ്പെട്ടവർ, മാലിന്യം ശേഖരിക്കുന്നവർ എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും അഴുക്കുചാലിലെ ഇരകളുടെയും (മരണപ്പെട്ടവർ/വൈകല്യങ്ങൾ നേരിട്ടവർ) ആശ്രിതർക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരാകണം അപേക്ഷകർ. ഹരിതകർമ്മ സേന പ്രവർത്തകരുടെ ആശ്രിതർ അർഹരല്ല. ജാതി/മതം/വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. ഡേ സ്‌കോളർ വിദ്യാർത്ഥികൾക്ക് 3500/-, ഹോസ്റ്റലിൽ താമസിക്കുന്നവർക്കു 8000/- എന്നീ നിരക്കിൽ ഒറ്റത്തവണയായി സ്‌കോളർഷിപ് ലഭിക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10% തുക അധികമായി ലഭിക്കും. ഭിന്നശേഷിക്കാരും ഹോസ്റ്റലിൽ താമസിക്കുന്നവരും സാക്ഷ്യപത്രം ഹാജരാക്കണം.

2023-24 വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട്. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി/  സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (രണ്ടും ബാധകമായർക്ക്) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതിവികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0481-2562503



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K