23 November, 2024 10:35:44 AM
ഒരേ തസ്തികയിൽ രണ്ട് എക്സിക്യൂട്ടീവ് എൻജിനീയർമാര്‍
പാലാ : പാലാ വൈദ്യുതി ഭവനിലെ പ്രൊജക്ട് മാനേജ്മെന്റ് യുണിറ്റ് (പി. എം. യു) എക്സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ രണ്ട് പേർ. ശമ്പളയിനത്തിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ്. ഒരാൾക്ക് ഒരു പണിയുമില്ലെന്നാണ് ആക്ഷേപം. ഈ വർഷം പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി മലപ്പുറം ട്രാൻസ്‌മിഷൻ ഡിവിഷനിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനീയറായി എസ് ബാബുജനെ നിയമിച്ചു.
മുൻപ് പാലാ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരിക്കെ കീഴ്ജീവനക്കാരനെ മർദിച്ചെന്ന ആക്ഷേപത്തെ തുടർന്ന് സസ്പെൻഷനിലായിരുന്നു ഇയാൾ. പിന്നീട് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈ വർഷം നടന്ന പൊതു സ്ഥലം മാറ്റം ഓൺലൈൻ ആയി നടക്കുന്നത് മൂലം പാലായിലെ പ്രോജക്ട് മാനേജ്‍മെന്റ് യുണിറ്റിൽ ബാബുജൻ നിയമിതനായി. സസ്പെൻഷനെ തുടർന്നുള്ള അച്ചടക്ക നടപടി പൂർത്തിയാക്കാത്തതിനാൽ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) കെ എസ് ഇ ബി ചെയർമാന് പരാതി നൽകിയിരുന്നു.
തുടർന്ന് ബാബുജനെ പാലാ സബ് സ്റ്റേഷനിലെ പ്രസരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറായി മാറ്റി നിയമിച്ചു. ഇദ്ദേഹം വഹിച്ചുരുന്ന തസ്തികയിലേക്ക് സിന്ധു അലക്സിനെ നിയമിച്ചു. ഇതിനിടെ ബാബുജൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി പി എം യു ഓഫിസിൽ തുടർന്നു. പുതിയതായി നിയമനം ലഭിച്ചയാൾ ചുമതലയേറ്റതോടെ രണ്ടു മാസമായി ഒരേ തസ്തികയിൽ രണ്ട് എക്സിക്യൂട്ടീവ് എൻജിനീയർമാരായി.