20 November, 2024 06:28:17 PM


എടിഎം വഴി കൈകൂലി: വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റില്‍



വൈക്കം: കൈകൂലി കേസിൽ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. പ്രവാസി മലയാളിയില്‍ നിന്ന് എടിഎം കൗണ്ടറിലൂടെ തന്‍റെ അക്കൗണ്ടിലേക്ക് കൈകൂലിയായി പണം സ്വീകരിക്കവേ ഡെപ്യൂട്ടി തഹസിൽദാർ(എല്‍ ആര്‍) സുഭാഷ് കുമാർ ടി കെ യാണ് അറസ്റ്റിലായത്. വൈക്കം താലൂക്ക് ഓഫീസിന് സമീപമുള്ള എസ് ബി ഐ യുടെ എ ടിഎമ്മില്‍ വെച്ചായിരുന്നു സംഭവം. എടിഎം കൗണ്ടറില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വിജിലൻസ് ഡി വൈ എസ് പി വി ആർ രവികുമാറിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

മുളക്കുളം സ്വദേശിയായ പരാതിക്കാരന്‍റെ ഭാര്യയുടെ പേരിലുള്ള 24 സെന്‍റ്  സ്ഥലം പോക്ക് വരവ് ചെയ്യാൻ മുളക്കുളം വില്ലേജ് ഓഫിസിൽ നൽകിയെങ്കിലും പോക്ക് വരവ് ചെയ്തത് 11 സെന്‍റിന് മാത്രമാണ്. ഇതിലെ അപാകത പരിഹരിക്കുന്നതിന് വേണ്ടി താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിൽ ഡെപ്യൂട്ടി തഹസിൽദാറായ സുഭാഷ് കുമാർ 60000 രൂപ കൈകൂലി ആവശ്യപ്പെട്ടു. അതിന്‍റെ ആദ്യ ഗഡുവായ 25000 രൂപ ഇന്ന് കൈമാറാൻ നിർദേശിച്ചിരുന്നു. ഈ വിവരം പ്രവാസി മലയാളി വിജിലന്‍സിനെ അറിയിച്ചു. 

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പണം നല്‍കാനെത്തിയ പരാതിക്കാരനോട് തുക കൈയില്‍ വേണ്ടന്നും എടിഎം ൽ നിക്ഷേപിച്ചാൽ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു.  എടിഎമ്മില്‍ നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി തഹസിൽദാർ എസ്ബിഐ എടിഎം കൗണ്ടറില്‍ എത്തി പണം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജിലന്‍സ് ടീം ഇദ്ദേഹത്തെ പിടികൂടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K