08 November, 2024 06:28:45 PM


വൈറൽ പനി: വൈക്കത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു​ ഡി.എം.ഒ.



കോട്ടയം: വൈക്കത്ത് വൈറൽ പനി പടരുന്നതായുള്ള റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ ജില്ലാ ആരോഗ്യവകുപ്പ്  രോഗ നിരീക്ഷണ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.

കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കുട്ടികൾക്ക് സാധാരണ കണ്ടുവരാറുള്ള ജലദോഷ സംബന്ധമായ (ഫ്‌ളൂ) പനിയാണ് കുട്ടികൾക്ക് ബാധിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞമാസം 27 മുതൽ ഹൈസ്‌കൂൾ വിഭാഗത്തിലെ ഏതാനും കുട്ടികൾക്ക് ആരംഭിച്ച പനി കൂടുതൽ കുട്ടികളിലേക്ക് പടരുകയായിരുന്നു.

പനി, ജലദോഷം എന്നിവയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് ഒഴിവാക്കണം, ഇവർക്ക് ഡോക്ടറെ കണ്ട് ചികിത്സയും, ആവശ്യമായ വിശ്രമവും, ഭക്ഷണവും പാനീയങ്ങളും നൽകാൻ രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അസുഖമുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരും ജോലിക്കെത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K