30 October, 2024 01:23:41 PM


വൈദ്യുതികണക്ഷന്‍ മാറ്റി നല്‍കുന്നതിന് കൈക്കൂലി: കെഎസ്ഈബി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍



കുറവിലങ്ങാട്: പ്രവാസിമലയാളിയില്‍ നിന്നും കൈക്കൂലി വാങ്ങവെ കെ എസ് ഈ ബി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുറവിലങ്ങാട് കെ എസ് ഈ ബി സെക്ഷൻ ഓഫീസിലെ ഓവര്‍സിയര്‍ എം.കെ.രാജേന്ദ്രനെ ആണ് ഇന്ന് രാവിലെ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കുറവിലങ്ങാട് സ്വദേശിയായ പ്രവാസി മലയാളിയുടെ നിർമാണം പൂർത്തിയായ വീട്ടിലെ താത്ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കി നല്‍കുന്നതിന്  കഴിഞ്ഞ മാസം 14ന് അപേക്ഷ നൽകിയെങ്കിലും നടപടിയൊന്നുമായിരുന്നില്ല. കഴിഞ്ഞ ദിവസം കരാറുകാരനുമായി ഇലക്ട്രിസിറ്റി ഓഫീസിൽ എത്തിയ വീട്ടുടമയോട് രാജേന്ദ്രൻ 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവത്രേ.


വിജിലൻസ് എസ്പി ശ്യാംകുമാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കെട്ടിട നിർമാണ തൊഴിലാളികളുടെ വേഷത്തിൽ സ്ഥലത്തെത്തിയ വിജിലൻസ് സംഘം പണം കൈമാറവേ രാജേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഇൻസ്‌പെക്ടർ സജീവ് എസ് ദാസ്, സബ് ഇൻസ്‌പെക്ടർ മാരായ സ്റ്റാൻലി തോമസ്, പ്രദീപ് ടി എൻ, സുരേഷ് ബാബു, എ എസ് ഐ അനിൽകുമാർ, അനൂപ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K