12 September, 2024 12:19:42 PM
തലയോലപ്പറമ്പിൽ ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ ഒരു കോടി രൂപയിലധികം രൂപയുടെ കള്ളപ്പണം കണ്ടെത്തി. വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘമാണ് വിദേശ കറൻസി ഉൾപ്പെടെ പിടികൂടിയത്. എംഡിഎംഎ, കഞ്ചാവ്, മദ്യം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനായ് എക്സൈസ് നടത്തിയ ഓണം സ്പെഷ്യൽ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദി(56)ൽ നിന്നുമാണ് പണം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന അന്തർ സംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഒരു കോടിക്ക് മുകളിൽ വരുന്ന തുകയ്ക്ക് ഇയാളുടെ കയ്യിൽ മതിയായ രേഖകൾ ഇല്ലെന്ന് എക്സൈസ് പറഞ്ഞു.
വൈക്കം റേഞ്ച്,കടുത്തുരുത്തി റേഞ്ച്, എക്സൈസ് സർക്കിൾ എന്നിവരുൾപ്പെടുന്ന മൂന്ന് ടീമുകൾ ചേർന്ന് നടത്തിയ പരിശോധനയിൽ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിൽ ആയിരുന്നു പണം കണ്ടെത്തിയത്. പണം എണ്ണിത്തിട്ടപ്പെടുത്തി പോലീസിന് കൈമാറും. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപ് ബി ആറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.