10 September, 2024 06:52:32 PM


സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു



കോട്ടയം: സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ  വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി  നഗറിലെ  80 വയസുകാരിയായ ഈരേത്തറ തങ്കമ്മയെ ആണ് ആദരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി നഗറുകളിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലേക്ക് പഴംപെട്ടി നഗർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവചേതന പദ്ധതിയിൽ ജില്ലയിൽ പരീക്ഷ എഴുതിയ പഠിതാക്കളിൽ ഏറ്റവും പ്രായം കൂടിയ ആളാണ് തങ്കമ്മ. തങ്കമ്മക്ക് ഒപ്പം മറ്റ് 36 പേരും ഇവിടെ പരീക്ഷ എഴുതിയിട്ടുണ്ട്. നാലാം തരം ജയിച്ച് സാക്ഷരതാ മിഷന്റെ ഏഴാം തരവും പത്താംതരവും പഠിക്കണമെന്നാണ് തങ്കമ്മയുടെ ആഗ്രഹം. പഴംപെട്ടിയിൽ തങ്കമ്മയുടെ ഇളയമകൻ പ്രഭുലന്റെ വസതിയിൽ നടന്ന ചടങ്ങിൽ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം മൊമെന്റോ നല്കി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷയായി. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എം.ടി ജയമ്മ, നോഡൽ പ്രേരക് എ എസ് ബിന്ദു മോൾ, ഇൻസ്ട്രക്ടർമാരായ ശാലിനി സുനിൽകുമാർ, കെ.ആർ. ജയശ്രീ, സുശീല ഗോപാലൻ, രാജി മനോജ് എന്നിവർ പ്രസംഗിച്ചു. തങ്കമ്മയുടെ കൂട്ടുകാരായ ചിന്ന, തങ്കമ്മ, ജാനകി മക്കളായ പ്രസന്നൻ, പ്രഭാകരൻ, മരുമക്കളായ സിന്ധു, ഷൈല ,മിനി
എന്നിവർ സംബന്ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K