06 September, 2024 06:00:39 PM


ടേസ്റ്റ് ഓഫ് മലയാളി - ഹോം ഷോപ്പ് പദ്ധതി വൈക്കം ബ്ലോക്കില്‍ ആരംഭിച്ചു



വൈക്കം:  കുടുംബശ്രീയുടെ നൂതനപദ്ധതിയായ ഹോം ഷോപ്പ്, വൈക്കം ബ്ലോക്കിലെ ടി.വി. പുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. വയോജന വിശ്രമകേന്ദ്രത്തില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത് പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍ മാര്‍ക്കറ്റിംഗ് ഡി.പി.എം.  ജോബി ജോണ്‍  പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വില്‍പനയ്ക്ക് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ ബാഗ്, ടാഗ് തുടങ്ങിയവ വിതരണം ചെയ്തു.

കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയാര്‍ന്ന ഉൽപന്നങ്ങള്‍ക്ക് വിപണനം സാധ്യമാക്കാൻ രൂപകല്‍പന ചെയ്ത പദ്ധതിയാണ് 'ഹോം ഷോപ്പ്'. ഉൽപന്നങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ്  ലക്ഷ്യം. ഐ.ഡി കാർഡ്, യൂണിഫോം എന്നിവ ധരിച്ചാണ് പ്രതിനിധികൾ വീടുകളിൽ എത്തുക. ടി.വി. പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ശ്രീകുമാര്‍, വാര്‍ഡ് അംഗം തങ്കച്ചന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എസ്. ബിജു, സി.ഡി.എസ്. ചെയർപേഴസൺ ആശ അഭിഷേക്  തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K