09 August, 2024 07:43:04 AM


ബാർ ഹോട്ടലിലെത്തി അതിക്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ

 


വൈക്കം : ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ കൂടി  പോലീസിന്‍റെ പിടിയിലായി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ (32), ചെമ്മനത്തുകര ചേരുംചുവട് ഭാഗത്ത് തുണ്ടപ്പറമ്പിൽ വീട്ടിൽ ജംബോ എന്ന് വിളിക്കുന്ന ആഷിക് ഷാജി (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 10 ന് രാത്രി 11:15 മണിയോടുകൂടി തോട്ടകം ഭാഗത്തുള്ള ബാർ ഹോട്ടലിലെത്തി  ജീവനക്കാരനോട് ബാർ തുറക്കുവാൻ ആവശ്യപ്പെടുകയും, കച്ചവട സമയം കഴിഞ്ഞെന്ന് പറഞ്ഞ ജീവനക്കാരനെ ചീത്ത വിളിക്കുകയും ഡോറിന്റെ ചില്ല് തകർക്കുകയും, വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന ഇവര്‍ ജീവനക്കാരനെ ആക്രമിക്കുകയും, അവിടെ ഉണ്ടായിരുന്ന ബിയർ കുപ്പികൾ കവർച്ച ചെയ്ത് കടന്നുകളയുകയുമായിരുന്നു.


പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഈ കേസിലെ മറ്റു പ്രതികളായ ഹരീഷ്, കൃഷ്‌ണേന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. ലങ്കോ എന്ന് വിളിക്കുന്ന അഖിലിന് വൈക്കം, പാലാ, പിറവം, ചേർത്തല, പറവൂർ, എറണാകുളം നോർത്ത് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ ജയകൃഷ്ണൻ എം, വിജയപ്രസാദ്, സി.പി.ഓ മാരായ പ്രവീണോ, വിജയശങ്കർ, അജീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K