02 August, 2024 03:51:04 PM


ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം



കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കു വീടിന്റെ അറ്റകുറ്റപ്പണിക്കു ധനസഹായം നൽകുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ,സിക്ക്, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.

തിരിച്ചടയ്‌ക്കേണ്ടാത്ത 50,000 രൂപയാണ് ധനസഹായം. അപേക്ഷകയുടെ/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ട.

അപേക്ഷ ഫോം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ തപാൽ വഴി നൽകാം. ഫോൺ: 0481-2562201



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K