26 September, 2016 10:56:41 AM
ഓണം ബമ്പര്‍ എട്ടുകോടി അടിച്ചത് തൃശൂരില്‍: ഭാഗ്യവാനെ കണ്ടെത്താനായില്ല
തൃശൂര്‍: ഓണം ബമ്പര്‍ എട്ടുകോടി അടിച്ചത് തൃശൂരില്‍ വിറ്റ ടിക്കറ്റിന്. എന്നാല്‍ ഇതുവരെയും ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല. ഇതുപോലെ, ലോട്ടറി അടിച്ചിട്ടും ഭാഗ്യവാന്മാരെ കണ്ടെത്താതെ സര്‍ക്കാറിന്‍െറ കൈവശമിരിക്കുന്നത് 300 കോടിയിലധികം. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനം കൈപ്പറ്റണമെന്നാണ് നിയമം. ചെറിയ സമ്മാനങ്ങള്‍ക്കായി അവകാശികള്‍ എത്തുന്നത് കുറവാണെന്ന് ലോട്ടറി വില്‍പനക്കാരും പറയുന്നു.
ജനപ്രിയ ഭാഗ്യക്കുറികളായ തിരുവോണം ബമ്പര്‍, വിഷു ബമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ക്ക് അവകാശികളില്ലാതെ കോടിക്കണക്കിന് രൂപയാണ് ഭാഗ്യക്കുറി വകുപ്പിന് സൗജന്യമായി കിട്ടിയത്. 2010 മുതല്‍ അവകാശികളില്ലാതെ കിടന്ന 312,65,53,234 രൂപ ഖജനാവിലേക്ക് കണ്ടുകെട്ടിയെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ അറിയിച്ചിരിക്കുന്നത്.