03 July, 2024 10:07:51 AM


'അമ്മ ജീവനോടെയുണ്ട്; മാന്നാര്‍ കൊലപാതക കേസില്‍ പ്രതികരണവുമായി കലയുടെ മകന്‍



ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു.

'ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്ര അധികം പരിശോധന നടത്തിയിട്ടും എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും നീ ഒന്നും പേടിക്കേണ്ട അവര്‍ നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്. അച്ഛന് കുറെ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല. '- കലയുടെ മകന്‍ പറഞ്ഞു.

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയും, തെളിവെല്ലാം പ്രതികള്‍ നശിപ്പിക്കുകയും ചെയ്തു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K