25 May, 2024 10:49:24 AM
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കുറുപ്പുന്തറയില്‍ കാര്‍ തോട്ടില്‍ വീണു
കോട്ടയം: ഗൂഗിള്‍ മാപ്പില്‍ നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാര്‍ കോട്ടയം കുറുപ്പുന്തറയില്‍ തോട്ടില്‍ വീണു. കാറിലുണ്ടായിരുന്ന നാല് ഹൈദരബാദ് സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നത് ഹൈദരബാദ് സ്വദേശികളായതിനാല്‍ ഇവര്‍ക്ക് വഴി ഒട്ടും പരിചയമുണ്ടായിരുന്നില്ല. റോഡില്‍ നിന്ന് ഗൂഗിള്‍ മാപ്പ് കാണിച്ചതനുസരിച്ച് ഇടത്തേക്ക് തിരിച്ചപ്പോഴാണ് തോടാണെന്നറിയാതെ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞത്.
യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. നേരത്തെയും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം കോട്ടയത്ത് അപകടത്തില്‍പ്പെട്ടിരുന്നു.