09 April, 2024 07:24:32 PM
വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
വൈക്കം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം കൂവം ഓണിശ്ശേരി ലക്ഷംവീട് കോളനിയിൽ ലെങ്കോ എന്ന് വിളിക്കുന്ന അഖിൽ (34) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കുടവച്ചൂർ അച്ചിനകം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഫെബ്രുവരി പതിനെട്ടാം തീയതി വെളുപ്പിന് 5.30 മണിയോടുകൂടി യുവാവും സുഹൃത്തുക്കളും ഇറച്ചി വാങ്ങുന്നതിനായി അഖിലിന്റെ സുഹൃത്ത് നടത്തുന്ന വെച്ചൂർ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഇറച്ചിക്കടയിൽ എത്തിയ സമയം ഇവർ യുവാവിനെ ചീത്ത വിളിക്കുകയും ഇറച്ചി വെട്ടുവാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടാതെ യുവാവിന്റെ കാറിന്റെ ചില്ല് ഇവർ അടിച്ചു തകർക്കുകയും ചെയ്തു. അഖിലിന്റെ സുഹൃത്ത് ഹാൻസ് വില്പന നടത്തിയത് പോലീസ് പിടികൂടിയിരുന്നു. ഇത് പോലീസിൽ അറിയിച്ചത് യുവാവാണെ വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ് എം, വിജയപ്രസാദ്, സി.പി.ഓ പ്രവീണോ കൂടാതെ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം, പിറവം, പാലാ, ചേർത്തല, നോർത്ത് പറവൂർ, എറണാകുളം നോർത്ത് എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.