04 April, 2024 07:57:53 PM


1300 രൂപ കൈക്കൂലി വാങ്ങി; ഞീഴൂർ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍



കടുത്തുരുത്തി : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കോട്ടയം കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ് ജോൺ ആണ് പിടിയിലായത്.1300 രൂപയാണ് ജോർജ് ജോൺ കൈക്കൂലി വാങ്ങിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ പണമില്ല എന്നു പറഞ്ഞായിരുന്നു ജോർജ് ജോൺ കൈക്കൂലി വാങ്ങിയത്.

കുറവിലങ്ങാട് സ്വദേശിയായ യുവാവിൻ്റെ പരാതിയിലായിരുന്നു വില്ലേജ് ഓഫീസറെ കുടുക്കിയ വിജിലൻസ് കെണി. ജനന രജിസ്ട്രേഷനുള്ള റിപ്പോർട്ട് തയാറാക്കാൻ യുവാവിൽ നിന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത് 1300 രൂപ. വില്ലേജ് ഓഫീസിലെ വൈദ്യുതി ബിൽ അടയ്ക്കാൻ കാശില്ലന്നു പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ പണം കൈമാറി നിമിഷങ്ങൾക്കകം വിജിലൻസ് വില്ലേജ് ഓഫീസറെ പിടി കൂടി.

വൈദ്യുതി ചാർജിന്റെ പേരിൽ മാത്രമല്ല വെള്ളക്കരം അടയ്ക്കാൻ എന്ന പേരിലും വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങാറുണ്ടായിരുന്നെന്ന് വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ ജോർജ് ജോണിനെതിരെ കൈക്കൂലി ആരോപണവുമായി ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്. വിജിലൻസ് എസ്പി വി .ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K