19 March, 2024 08:08:39 PM
ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ നിന്നും പണം തിരിമറി നടത്തി; മുൻജീവനക്കാരൻ അറസ്റ്റിൽ
തലയോലപ്പറമ്പ്: ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിൽ മുൻജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ വിഷ്ണു കെ.ബാബു (31) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2019 മുതൽ 2022 വരെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലി ചെയ്തു വന്നിരുന്ന തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ ലക്ഷങ്ങൾ തിരിമറി നടത്തുകയായിരുന്നു. അധികൃതർ നടത്തിയ ഓഡിറ്റിങ്ങിൽ ഏകദേശം 24 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, പ്രാഥമികാന്വേഷണത്തിലും പത്തു ലക്ഷത്തിലധികം രൂപ ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ സുദർശനൻ, അജി, സി.പി.ഓ മാരായ ബിജു, രാധാകൃഷ്ണൻ, അജ്മൽ, ലക്ഷ്മി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.