06 March, 2024 07:35:36 PM


പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിന് അടിസ്ഥാന കോഴ്സ്, അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. അടിസ്ഥാന കോഴ്സിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.

ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാ പഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. ആറു മാസത്തെ അടിസ്ഥാന കോഴ്സിന് 3500 രൂപയാണ് ഫീസ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ. രജിസ്ട്രേഷൻ സമയത്ത് 17 വയസ് തികഞ്ഞിരിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറവും പ്രൊസ്പെക്ടസും സാക്ഷരതാ മിഷന്റെ https://www.literacymissionkerala.org   എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ ഡയറക്ടർ, സംസ്ഥാന സാക്ഷരതാമിഷൻ എന്ന പേരിൽ എസ്.ബി.ഐ. തിരുവനന്തപുരം ശാസ്തമംഗലം ബ്രാഞ്ചിലെ 38444973213 എന്ന അക്കൗണ്ട് നമ്പരിൽ അടയ്ക്കണം. ഐ.എഫ്.എസ.്‌സി. കോഡ് എസ്.ബി.ഐ.എൻ. 0070023.

അടിസ്ഥാന കോഴ്സ് പാസാകുന്നവർക്ക് പച്ച മലയാളം കോഴ്സിന്റെ ആറു മാസം ദൈർഘ്യമുള്ള അഡ്വാൻസ് കോഴ്സിൽ പ്രവേശനം നേടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. ഓൺലൈൻ ആയി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, വയസ്‌കരക്കുന്ന് പി.ഒ, കോട്ടയം, 686001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2302055, 7025821315,7025291244, 9447847634.  

ഭരണഭാഷ, കോടതിഭാഷ എന്നിവ മലയാളത്തിലായ സാഹചര്യത്തിലും പി.എസ്.സി. പരീക്ഷകളിൽ മലയാളം നിർബ്ബന്ധമായ സാഹചര്യത്തിലും സാക്ഷരതാ മിഷന്റെ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് തുല്യതാ കോഴ്സാണ്. അധ്യാപകർക്കും മലയാളം പഠിക്കാത്ത വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നോ, മറ്റ് രാജ്യങ്ങളിൽ നിന്നോ വന്ന് കേരളത്തിൽ താമസിക്കുന്ന മലയാളം അറിയാത്തവർക്കും കോഴ്സ് ഉപകാരപ്പെടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K