05 March, 2024 09:52:26 AM
പാലായില്‍ പിടിയിലായത് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി
പാലാ : കൈക്കൂലി കേസിൽ ഇന്നലെ വിജിലൻസ് പിടിയിലായ കെ. എസ്. ഇ. ബി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സുമേഷ് എസ് എൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി.
കഴിഞ്ഞ ദിവസം പകൽ സ്കൂളിൽ ലിഫ്റ്റ് പരിശോധനയ്ക്ക് ചെന്ന സുമേഷ് പരിശോധനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട റെക്കോർഡുകളും റിപ്പോർട്ടുകളും മറ്റും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തയ്യാറാക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ട് കൊടുക്കാനാണ് ആവശ്യപ്പെട്ടത്.
എന്നാൽ അസൗകര്യം അറിയിച്ച സ്കൂൾ മാനേജർ പതിനായിരം രൂപയിൽ നിന്നും കൈക്കൂലി കുറച്ചു കൊടുക്കണമെന്നും ആവശ്യപെട്ടു. അങ്ങനെ ഏഴായിരം രൂപ കൈമാറാൻ ധാരണയായി. അത് ഇന്നലെ പാലാ പോളിടെക്നിക്കിൽ പരിശോനയ്ക്ക് വരുന്ന സമയം നൽകാനും ആവശ്യപ്പെട്ടു. അത്പ്രകാരം ഇന്നലെ ഉച്ചയോടെ പാലാ പോലീസ് സ്റ്റേഷൻ ഭാഗത്തു വെച്ച് പരാതിക്കാരനിൽ നിന്ന് ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ സുമേഷിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.