12 February, 2024 04:46:38 PM
വൈക്കത്ത് ലേബർ ബാങ്കും സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ പാർക്കും ആരംഭിക്കും
വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.ആർ. സലില അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. 49.84 കോടി രൂപ വരവും 49.37 കോടി രൂപ ചിലവും 46.96 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ വൈക്കത്ത് വ്യവസായ പാർക്ക് ആരംഭിക്കുമെന്നും അതിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു. ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, മേസ്തരിമാർ തുടങ്ങിയവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ സേവനം ആവശ്യക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലേബർ ബാങ്ക് എന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഭവന പദ്ധതികൾ, കാർഷിക ആരോഗ്യമേഖല, ഉൽപാദന മേഖല, സേവന മേഖല എന്നിവയ്ക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. റാണിമോൾ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വീണ അജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എസ്. ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.എം. ഉദയപ്പൻ, എസ്. മനോജ്കുമാർ, എസ്. ബിജു, ജസീല നവാസ്, സുലോചന പ്രഭാകരൻ, രേഷ്മ പ്രവീൺ, സുജാത മധു, എം.കെ. ശീമോൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ആനന്ദവല്ലി(ഉദയനാപുരം), കെ. ആർ. ഷൈലകുമാർ(വെച്ചൂർ), ശ്രീജി ഷാജി( ടി.വി. പുരം), ജോയിന്റ് ബി.ഡി. ഓ. കെ.ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.