20 January, 2024 07:17:35 PM
റബ്ബർ ഷീറ്റ് മോഷണം: കറുകച്ചാലിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
കറുകച്ചാൽ : റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നെടുംകുഴി ഭാഗത്ത് ആഴാംചിറയിൽ വീട്ടിൽ അഖില്‍ എം.കെ (24), മാടപ്പള്ളി മാമ്മുട് ചെന്നാമറ്റം ഭാഗത്ത് പേഴത്തോലിൽ വീട്ടിൽ രാഹുൽ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ രാമകൃഷ്ണൻ (25) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി ചമ്പക്കര ഭാഗത്ത് റബർ ഷീറ്റ് ഉണക്കി സൂക്ഷിക്കുന്ന ഷെഡിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറി ഇവിടെ സൂക്ഷിച്ചിരുന്ന 20 കിലോ വരുന്ന റബർ ഷീറ്റുകളും 15 കിലോയോളം ഉള്ള ഒട്ടുപാലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവർ മോഷ്ടിച്ച റബ്ബർഷീറ്റും, ഒട്ടുപാലും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, എസ്.ഐ നജീബ് കെ.എ, സി.പി.ഓ മാരായ പ്രദീപ്, അൻവർ, തോമസ്, നിസാം, സനൂജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഖിലിന് മണിമല, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിലും കൃഷ്ണകുമാറിന് കടുത്തുരുത്തി, ചിങ്ങവനം, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.