16 September, 2016 11:40:18 PM
ബാങ്കുകളുടെ ലയനനടപടിയുമായി മുന്നോട്ടുപോകും: ധനമന്ത്രി ജയ്റ്റ്ലി
ദില്ലി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാവും ലയനമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ലയനത്തിനു നേരത്തെതന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐയുടെ മൊത്തം ആസ്തി 37 ലക്ഷം കോടി രൂപയിലെത്തും. ആസ്തിയില്‍ എട്ടു ലക്ഷം കോടി രൂപയുടെ വര്‍ധനയാവും ഉണ്ടാവുക. ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനുള്ള പങ്കാളിത്തത്തിന്റെ ഒരു വിഹിതം വിറ്റഴിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐക്ക് 17,000 ശാഖകള്‍ ഉണ്ട്. ലയനം പൂര്‍ത്തിയാകുന്നതോടെ ഇത് 23,000 ആയി ഉയരും.
എസ്ബിഐയുടെ 500 ശാഖകള്‍ വികസിപ്പിക്കുന്ന നടപടികള്‍ക്കു ലയനപ്രക്രിയ തടസ്സം സൃഷ്ടിക്കുകയില്ലെന്ന് എസ്ബിഐ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ അനുബന്ധ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയാണു എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.എസ്ബിഐയില്‍ ആദ്യമായി ലയിച്ചതു സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയാണ്-2008ല്‍. രണ്ടു വര്‍ഷത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും ലയിച്ചു.
കിട്ടാക്കടത്തിന്റെ തോത് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നതായി ധനമന്ത്രി പറഞ്ഞു. 2014-2015ല്‍ 2.67 ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. 2015-2016ല്‍ ഇത് 4.76 ലക്ഷം കോടിയിലെത്തി. കൂടുതല്‍ തുക വകയിരുത്തി പൊതുമേഖലാ ബാങ്കുകളെ സഹായിക്കാന്‍ നിലവില്‍ പരിമിതികളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കാന്‍ അനുയോജ്യരായവരെ കണ്ടെത്താന്‍ ബാങ്കുകള്‍ ശ്രമിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
കിട്ടാക്കടത്തിന്റെ തോതു കുറയുന്നതോടെ ബാങ്കുകള്‍ക്കു പലിശനിരക്കു കുറയ്ക്കാനാവുമെന്നും ജയ്റ്റ്ലി പറഞ്ഞു. ഘട്ടംഘട്ടമായി 49% വിറ്റഴിക്കുകയാണു ലക്ഷ്യം. ജൂണ്‍ 30ലെ കണക്കുപ്രകാരം സര്‍ക്കാരിന് 73.98% ഓഹരിപങ്കാളിത്തം ഉണ്ട്. കഴിഞ്ഞ മാസം 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,915 കോടി രൂപയുടെ അധിക മൂലധനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നാലു വര്‍ഷത്തിനുള്ളില്‍ 70,000 കോടി രൂപയുടെ സഹായമാണു ലക്ഷ്യമിടുന്നത്.