14 January, 2024 10:57:16 AM


എല്ലാം ഞാന്‍ നോക്കിക്കോളാം; 'മുഖ്യമന്ത്രിക്കസേര'യില്‍ ഇരുന്ന ചെല്ല ചന്ദ്രജോസ് അന്തരിച്ചു



തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്‍റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. 

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ല ചന്ദ്രജോസ് കയറിയത് വലിയ വാര്‍ത്തയായിരുന്നു. പരേതരായ സി ചെല്ലന്‍റെയും സില്‍വിയുടെയും മകനാണ്. 

2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തന്‍വീട്ടില്‍ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നത്. ഓഫിസ് ഫോണില്‍ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ അന്നത്തെ മന്ത്രിമാരായ കെബാബുവും കെപി മോഹനനുമാണ് മുഖ്യമന്ത്രിയുടെ മുറിയില്‍ ജോസിനെ കണ്ടത്. ഇറങ്ങിപ്പോകാന്‍ ശ്രമിച്ച ജോസിനെ രണ്ടു മന്ത്രിമാരും ചേര്‍ന്നു പിടിച്ചു വച്ചു.

ഓഫീസിലേക്കെത്തിയപ്പോള്‍ ആരാണ് എന്ന് അന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്' എന്നായിരുന്നു ചെല്ല ചന്ദ്രജോസിന്‍റെ മറുപടി.'ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ നോക്കിക്കോളാം' എന്നു ജോസ് പറഞ്ഞത് ലോകമാകെ ലൈവ് ആയി കണ്ടു. അന്ന് വെബ്‌സൈറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം മുഴുവന്‍ സമയം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

കന്റോണ്‍മെന്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയായിരുന്നു. കായിക താരമായിരുന്ന ചെല്ല ചന്ദ്രജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പാറശാല മുതല്‍ കാസര്‍കോട് വരെ ഓടി അര്‍ബുദ രോഗികള്‍ക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K