11 January, 2024 07:30:41 PM
കുറവിലങ്ങാട് മോഷണ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്കു ശേഷം പിടിയിൽ
കുറവിലങ്ങാട് : മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി . ഈരാറ്റുപേട്ട തലപ്പലം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ, (ഈരാറ്റുപേട്ട നടയ്ക്കൽ കാരയ്ക്കൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) സിയാദ് വി. എസ് (38) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2016 നവംബർ 22 രാത്രി 9 മണിയോടുകൂടി വെമ്പള്ളി നടുക്കവല ഭാഗത്ത് പ്രവർത്തിക്കുന്ന മലഞ്ചരക്ക്കട കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോയോളം വരുന്ന റബർ ഷീറ്റ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും,ശക്തമായ തിരിച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ അനിൽകുമാർ. റ്റി, എ.എസ്.ഐ മാരായ അജി.ഡി, വിനോദ് ബി.പി സി.പി.ഓ ജോസ് എ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ പൊൻകുന്നം, പാലാ, തിടനാട് എന്നീ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.