29 December, 2023 08:30:53 AM
കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നു വൈകുന്നേരം നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയത്. സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനില്‍ 900 പേര്‍ക്ക് ഇരിക്കാവുന്ന വേദി തയാറാക്കി. പാസ് മൂലമാണ് രാജ്ഭവനില്‍ പ്രവേശനം ക്രമീകരിച്ചിട്ടുള്ളത്.
അതേ സമയം എസ്‌എഫ്‌ഐ ഇന്നലെയും ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇന്നും പ്രതിഷേധം നടത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.