12 September, 2016 12:45:07 PM


എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി; ഞായറാഴ്ച മാത്രം പിന്‍വലിച്ചത് 60 കോടി



കൊച്ചി: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം കാലിയായ സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി. പണം കൂടുതലായി പിന്‍വലിക്കപ്പെടുന്ന എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തെ തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് അറുപത് കോടിയോളം രൂപ പിന്‍വലിച്ചെന്നും എന്നാല്‍ എടിഎമ്മുകള്‍ കാലിയാകുന്ന അവസ്ഥ ഇല്ലെന്നും എസ്ബിഐ  അധികൃതര്‍ പറയുന്നു. പണം നിറയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്ബിഐ അധികൃതര്‍ പറയുന്നു. എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കുന്നുണ്ടെന്ന് എസ്ബിടിയും അറിയിച്ചിട്ടുണ്ട്.


ബക്രീദ്, ഓണം അവധി ദിനങ്ങള്‍ മൂലം വെള്ളിയാഴ് അടച്ച ബാങ്കുകള്‍ ഇനി വ്യാഴാഴ്ചയേ തുറക്കൂ. തുടര്‍ച്ചയായ അഞ്ചു ദിവസത്തെ അവധിയും ആഘോഷങ്ങളും മൂലം എടിഎമ്മുകള്‍ ശനിയാഴ്ച തന്നെ കാലിയായി തുടങ്ങിയിരുന്നു. എടിഎമ്മുകളില്‍ പണമില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതോടെ ഇന്നലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു.


ഏഴു ലക്ഷം രൂപ വരെയാണ് സാധാരണ എടിഎമ്മുകളില്‍ ഉണ്ടാവുക. പണം കിട്ടാതെ വരുമോ എന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍ പതിവിലുമേറെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ വേഗത്തില്‍ കാലിയാവാന്‍ കാരണമെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതത് ബാങ്ക് ശാഖകള്‍ നേരിട്ട് നിറയ്ക്കുന്നതിനാല്‍ അവധി ദിവസങ്ങളില്‍ പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകള്‍ നിറയ്ക്കാറില്ല. ഇതാണ് പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകള്‍ വേഗത്തില്‍ കാലിയാകാന്‍ കാരണം. എന്നാല്‍, സ്വകാര്യ-പുതുതലമുറ ബാങ്കുകളില്‍ ഏജന്‍സികളാണ് പണം നിറയ്ക്കുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K