20 November, 2023 06:03:28 AM


ശബരിമല തീർഥാടകരുടെ ബസിനുനേരെ കല്ലേറ്: ചില്ല് പൂർണമായും തകർന്നു



എരുമേലി : ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസിനുനേരെ കല്ലേറ്. സംഭവത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെ എരുമേലിയിൽ മുക്കട- അത്തിക്കയം-പെരുനാട് റോഡിൽ ഇടമുറി വാഴക്കാലാമുക്കിലാണ് സംഭവം.


ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞശേഷം​ കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്,​ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആക്രമികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള തീർഥാടകസംഘം എരുമേലിയിലെ ദർശനത്തിനുശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു.


ബസ്​ വാഴക്കാലാമുക്ക് ഭാഗത്തെ കയറ്റം കയറുന്നതിനിടെ എതിർദിശയിൽ ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നെന്ന് ഭക്തർ പൊലീസിനോട് പറഞ്ഞു. ആക്രമികൾ വന്ന ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. പെരുനാട് സി.ഐ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ്​ നാട്ടുകാരും തടിച്ചുകൂടി. തീർഥാടക സംഘത്തെ ഇതേ ബസിൽ തന്നെ പൊലീസ് നിലയ്ക്കലേക്ക് വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K